Saturday 17 July 2010

കടലാസു വഞ്ചി


ഒന്ന്
പൊടുന്നനെ പെയ്ത പുതുമഴ എന്നെ ചെറുതായൊന്നു നനച്ചു. കായല്‍ക്കരയിലെ ഉപ്പുരസമുള്ള തണുത്ത കാറ്റ് കൂടുതല്‍ ശക്തിയോടെ എന്‍റെ നേര്‍ക്ക്‌ മഴത്തുള്ളികളെ വലിച്ചടുപ്പിച്ചു . തിരക്കേറിയ കുങ്കുമ സന്ധ്യയില്‍ നിന്നും, സോഡിയം വേപ്പറിന്‍റെ മഞ്ഞ വെളിച്ചത്തിലേയ്ക്കു നഗരം ചേക്കേറുമ്പോള്‍, അവളുടെ കുടക്കീഴില്‍ ഞാന്‍ മഴച്ചാറ്റലുകളേറ്റ്....
അവള്‍ അങ്ങിനെയാണ് .... ഒരിക്കലും ഉത്തരം നല്‍കുവാന്‍ കഴിയാത്ത ചോദ്യങ്ങള്‍ നിസ്സാരമായി ചോദിക്കും.. ഒത്തിരി നിഷ്കളങ്കതയോടെ ...! അറിയാവുന്ന ഉത്തരങ്ങള്‍ അവളുടെ നിഷ്കളങ്കതയ്ക്കു പകരം വെയ്ക്കുവാന്‍ കഴിയില്ലെന്ന ബോധ്യത്തോടെ , ഒന്നും പറയാതെ ചിരിക്കും . ചിലപ്പോള്‍ അവള്‍ കൂടെ ചിരിക്കും .. മറ്റൊരു കരച്ചിലിന് മുന്നോടിയായി....

രണ്ട്
"എന്താ .. കേള്‍ക്കുന്നില്ലേ ....?" അല്പം സ്വരമുയര്‍ത്തി അവള്‍ ചോദിച്ചു....
ഞാന്‍ അപ്പോള്‍ കടലാസു വഞ്ചി ഉണ്ടാക്കുന്നതിന്‍റെ തിരക്കിലായിരുന്നു ...! ഒരുപാട് ഇഷ്ടത്തോടെ എന്നെ തന്നെ നോക്കിയിരുന്ന ആ കണ്ണുകള്‍ നിറഞ്ഞിരുന്നു ...
"ഈശ്വരാ ..! അവള്‍ എന്താണാവോ ചോദിച്ചത് ... "
അവളുടെ ചോദ്യത്തിനുത്തരം മറ്റൊരു മറുചോദ്യം അല്ലല്ലോ...!
..... മഴ തോരുവോളം ഒരു കുടക്കീഴില്‍ ഞങ്ങള്‍ നനയാതെ നനഞ്ഞു ... ഒപ്പം എന്‍റെ കടലാസു വഞ്ചിയും..!

മൂന്ന്
മഴ തോര്‍ന്നിരിക്കുന്നു ...! കായലിന്‍റെ ഓളപ്പരപ്പിലൂടെ എങ്ങോട്ടെന്നില്ലാതെ ഒഴുകി മറയുമ്പോഴും , നിറ കണ്ണുകളോടെ അവള്‍ യാത്രയാക്കുകയായിരുന്നു എന്റെ കടലാസു വഞ്ചിയെ,കണ്ണെത്താ ദൂരം വരെ.......
സുരക്ഷിതമായി മറുകര എത്തി എന്ന് അവള്‍ വിശ്വസിക്കുന്ന കടലാസു വഞ്ചി, കാഴ്ച്ചക്കുമപ്പുറം, ആഴങ്ങളിലേക്ക് തകര്‍ന്നടിയുകയാണ്.... അപ്പോഴേക്കും അവളുടെ കണ്ണീരിന്‍റെ ഉപ്പുരസം കായലില്‍ ആകെ പടര്‍ന്നിരുന്നു.

Monday 8 March 2010

( എന്‍റെ പ്രിയ കൂട്ടുകാരന്‍ ആദര്‍ശിന്‍റെ ഒരിക്കലും മരിക്കാത്ത ഓര്‍മയ്ക്ക് മുന്നില്‍...)





സങ്കല്‍പ്പങ്ങളുടെ ഭാവിയെക്കാള്‍, യഥാര്ധ്യങ്ങളുടെ ഇന്നിനേക്കാള്‍, ഓര്‍മ്മകളുടെ പടികള്‍ ഇറങ്ങുന്നതാണ് എനിക്കിഷ്ടം ... അനുഭവങ്ങളുടെ ഇന്നലെകളിലേക്ക് .....
അക്ഷരങ്ങളുടെ ലോകത്ത്, അറിവിന്‍റെ മുറ്റത്ത്‌ ആകസ്മികമായി നാം കണ്ടുമുട്ടിയതും ..
ക്ലാസ് മുറികളിലെ വെളിച്ചം കിടക്കാത്ത കോണുകളില്‍ സൌഹൃദവും , പ്രണയവും , രാഷ്ട്രീയവും പങ്കുവെച്ചതും ....
എല്ലാത്തിലും ഉപരി കാല്‍പ്പനികതയെ പ്രണയിച്ചതും.. നമ്മുടെ ഇന്നലെകളിലായിരുന്നു ... ഞാന്‍ ഏറ്റവും സന്തോഷിച്ച എന്റെ ഇന്നലെകള്‍ ... അവിസ്മരണീയമായതെന്തോ അവിചാരിതമായി വീണു കിട്ടിയപ്പോള്‍ ആഗ്രഹങ്ങള്‍ക്ക് നിറം വെച്ചതുപോലെ തോന്നിയ നിമിഷങ്ങള്‍ ..
ഇന്നും ഓര്‍മ്മകളുടെ ഇത്തിരിവെട്ടം മറവിയുടെ ചവറ്റുകുട്ടയിലേക്ക് വെളിച്ചം വീശുമ്പോള്‍ , നിന്‍റെ ഇഷ്ടങ്ങള്‍ ഓരോന്നായി തിരഞ്ഞെടുക്കുവാന്‍ എനിക്കൊട്ടും പ്രയാസമില്ല ...
പകുതി ചാരിയ ജനാലയിലെ, പുറംലോകം കണ്ടു തുരുമ്പിച്ച ഇരുംമ്പഴികള്‍ക്കിടയിലൂടെ... കാറ്റുപിടിച്ചു ചിതറിവീഴുന്ന ചാറ്റല്‍ മഴയെ നോക്കുവാന്‍ ,
തോര്ച്ചയിലും തല കുനിക്കാത്ത വാകമരച്ചുവട്ടിലിരിക്കുവാന്‍,
പ്രണയത്തെ കുറിച്ച് വാചാലനാകുവാന്‍ ,
മറക്കാതെ കുസൃതികള്‍ കാട്ടുവാന്‍.... പിന്നീടു കണ്ണിറുക്കി നിഷ്കളങ്കമായ് ചിരിക്കുവാന്‍ .....! നിന്നെക്കാള്‍ ഞങ്ങള്‍ ഇഷ്ടപ്പെട്ടിരുന്ന നിന്‍റെ ഇഷ്ടങ്ങള്‍ ...
അതെ ..! അക്ഷരാര്‍ഥത്തില്‍ നാം ഒഴുകുകയായിരുന്നു ... കാലത്തിനും, കല്പ്പനയ്ക്കും മുകളിലൂടെ...!!

നിമിഷങ്ങള്‍ക്ക് നിനവുകളേക്കാള്‍ വേഗതയുണ്ടെന്നു പിന്നീടാണ് മനസ്സിലായത്‌ ... ഒരിക്കലും മായാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച്‌, ഞങ്ങളുടെ സൌഹൃദ ലോകത്തുനിന്നും ഒരുപാട് ദൂരെ .... ദുഖങ്ങളും , വേദനകളുമില്ലാത്ത ഒരു പുതിയ ലോകം തേടി നീ പോയതെന്തേ ..?
എന്തിനും നിറഞ്ഞ പുഞ്ചിരിയോടെ സമ്മതം മൂളിയിരുന്ന എന്‍റെ പ്രിയ കൂട്ടുകാരാ ... ഞാനില്ലാത്ത , നിന്‍റെതു മാത്രമായ ലോകത്തുനിന്ന് എന്‍റെ ഇഷ്ടങ്ങള്‍ക്ക് നീ ഇപ്പോഴും മൌന സമ്മതം മൂളുന്നു .....
..
കണ്ണുകളില്‍ നക്ഷത്ര തിളക്കവുമായ് ....

Thursday 28 May 2009

നീ അറിയാതെ


ഞാന്‍ നിന്നെ സ്നേഹിക്കുന്നു .... ഈ അവസാന നിമിഷത്തിലും, നീ അറിയാതെ...
കരിയിലകള്‍ മൂടിയ നാട്ടുവഴികളിലൂടെ കണ്ണെത്താ ദൂരത്തേയ്ക്ക് കൈകോര്‍ത്തു നടന്നകന്നപ്പോഴും , ഇടയിലെവിടെയോ പ്രകൃതി പ്രണയമായ്‌ പെയ്തോഴിഞ്ഞപ്പോഴും, കാലത്തിന്‍റെ നീരൊഴുക്കില്‍ കരളലിഞ്ഞപ്പോഴും, കണ്ണുനീരില്‍കുതിര്‍ന്ന ഹൃദയം പകുത്തപ്പോഴും..... നീ മനസ്സിലാക്കാത്തതും ഞാന്‍ മനസ്സിലാക്കിയതും
നമ്മുടെ അവസ്ഥയെക്കുറിച്ചായിരുന്നു ..
ഞാന്‍ ആഗ്രഹിച്ചത്‌ എല്ലാം മറന്നു ജീവിക്കുവാനായിരുന്നില്ല ....
മറിച്ച് മനസ്സ് തുറന്നു ജീവിക്കുവാന്‍....
ഒന്നില്‍നിന്നും ഒളിച്ചോടുവാനയിരുന്നില്ല..
തമ്മില്‍ ഒന്നും ഒളിക്കുവാതിരിക്കുവാന്‍ ..
ആരെയും വേദനിപ്പിക്കുവാനായിരുന്നില്ല ...
എല്ലാ വേദനകളും മറക്കുവാന്‍ ...
കുറ്റപ്പെടുത്തലുകള്‍ക്ക് യാതൊരു പ്രസക്തിയുമില്ലെന്നു ഇനിയും നീ മനസ്സിലാക്കിയില്ലെന്നോ ... കഷ്ടം..!
കനവിലെ ആ സങ്കീര്‍ത്തനങ്ങള്‍ ...... ഇനിയും നെയ്തു തീരാത്ത സ്വപ്നങ്ങളുടെ സൗവര്‍ണ്ണ നൂലിഴകള്‍ ....
പലതും പറഞ്ഞു തീരാതെ .... ഇനിയും കരഞ്ഞു തീരാതെ ....

Thursday 21 May 2009

ഇനിയെന്നും ....!


പ്രിയപ്പെട്ട മഴത്തുള്ളീ .....
നീ പെയ്തിറങ്ങിയത് ...,
സ്വപ്നങ്ങളുടെ വിണ്ണില്‍ നിന്നും എന്‍റെ മനസ്സിന്‍റെ മണ്ണിലേയ്ക്ക്,
അനന്തതയില്‍നിന്നും ആത്മാവിന്‍റെ ആഴങ്ങളിലേയ്ക്ക് ...
ജീവിതത്തിന്‍റെ കാല്പ്പനികതയിലേയ്ക്ക്..
വര്‍ത്തമാനത്തിന്‍റെ നൈമീഷികതയിലെയ്ക്ക് ...
ഒടുവിലിപ്പോള്‍ .....
ആയുസ്സിന്‍റെ നിസ്സാരതയിലെയ്ക്ക് ......
പൊഴിഞ്ഞെങ്കിലും പിരിയാന്‍ വയ്യാതെ .....
നിന്നെയും മാറോടണച്ച്......
ഇനിയെന്നും ....!

Monday 18 May 2009

കിനാവ് ...


കാതില്‍നിന്‍ കാലൊച്ച കേള്‍ക്കുവാന്‍ , കണ്ണിലെ -
കാണാത്ത കന്മദം കാണുവാന്‍ .....
കാത്തിരിപ്പൂ....
കണ്തുറക്കെക്കിനാവില്, നീ ...
കാതങ്ങല്ക്കപ്പുറമെങ്കിലും...
ഇനിയും കാണുവാനായില്ല എങ്കിലും....