Saturday 17 July 2010

കടലാസു വഞ്ചി


ഒന്ന്
പൊടുന്നനെ പെയ്ത പുതുമഴ എന്നെ ചെറുതായൊന്നു നനച്ചു. കായല്‍ക്കരയിലെ ഉപ്പുരസമുള്ള തണുത്ത കാറ്റ് കൂടുതല്‍ ശക്തിയോടെ എന്‍റെ നേര്‍ക്ക്‌ മഴത്തുള്ളികളെ വലിച്ചടുപ്പിച്ചു . തിരക്കേറിയ കുങ്കുമ സന്ധ്യയില്‍ നിന്നും, സോഡിയം വേപ്പറിന്‍റെ മഞ്ഞ വെളിച്ചത്തിലേയ്ക്കു നഗരം ചേക്കേറുമ്പോള്‍, അവളുടെ കുടക്കീഴില്‍ ഞാന്‍ മഴച്ചാറ്റലുകളേറ്റ്....
അവള്‍ അങ്ങിനെയാണ് .... ഒരിക്കലും ഉത്തരം നല്‍കുവാന്‍ കഴിയാത്ത ചോദ്യങ്ങള്‍ നിസ്സാരമായി ചോദിക്കും.. ഒത്തിരി നിഷ്കളങ്കതയോടെ ...! അറിയാവുന്ന ഉത്തരങ്ങള്‍ അവളുടെ നിഷ്കളങ്കതയ്ക്കു പകരം വെയ്ക്കുവാന്‍ കഴിയില്ലെന്ന ബോധ്യത്തോടെ , ഒന്നും പറയാതെ ചിരിക്കും . ചിലപ്പോള്‍ അവള്‍ കൂടെ ചിരിക്കും .. മറ്റൊരു കരച്ചിലിന് മുന്നോടിയായി....

രണ്ട്
"എന്താ .. കേള്‍ക്കുന്നില്ലേ ....?" അല്പം സ്വരമുയര്‍ത്തി അവള്‍ ചോദിച്ചു....
ഞാന്‍ അപ്പോള്‍ കടലാസു വഞ്ചി ഉണ്ടാക്കുന്നതിന്‍റെ തിരക്കിലായിരുന്നു ...! ഒരുപാട് ഇഷ്ടത്തോടെ എന്നെ തന്നെ നോക്കിയിരുന്ന ആ കണ്ണുകള്‍ നിറഞ്ഞിരുന്നു ...
"ഈശ്വരാ ..! അവള്‍ എന്താണാവോ ചോദിച്ചത് ... "
അവളുടെ ചോദ്യത്തിനുത്തരം മറ്റൊരു മറുചോദ്യം അല്ലല്ലോ...!
..... മഴ തോരുവോളം ഒരു കുടക്കീഴില്‍ ഞങ്ങള്‍ നനയാതെ നനഞ്ഞു ... ഒപ്പം എന്‍റെ കടലാസു വഞ്ചിയും..!

മൂന്ന്
മഴ തോര്‍ന്നിരിക്കുന്നു ...! കായലിന്‍റെ ഓളപ്പരപ്പിലൂടെ എങ്ങോട്ടെന്നില്ലാതെ ഒഴുകി മറയുമ്പോഴും , നിറ കണ്ണുകളോടെ അവള്‍ യാത്രയാക്കുകയായിരുന്നു എന്റെ കടലാസു വഞ്ചിയെ,കണ്ണെത്താ ദൂരം വരെ.......
സുരക്ഷിതമായി മറുകര എത്തി എന്ന് അവള്‍ വിശ്വസിക്കുന്ന കടലാസു വഞ്ചി, കാഴ്ച്ചക്കുമപ്പുറം, ആഴങ്ങളിലേക്ക് തകര്‍ന്നടിയുകയാണ്.... അപ്പോഴേക്കും അവളുടെ കണ്ണീരിന്‍റെ ഉപ്പുരസം കായലില്‍ ആകെ പടര്‍ന്നിരുന്നു.