Monday 8 March 2010

( എന്‍റെ പ്രിയ കൂട്ടുകാരന്‍ ആദര്‍ശിന്‍റെ ഒരിക്കലും മരിക്കാത്ത ഓര്‍മയ്ക്ക് മുന്നില്‍...)





സങ്കല്‍പ്പങ്ങളുടെ ഭാവിയെക്കാള്‍, യഥാര്ധ്യങ്ങളുടെ ഇന്നിനേക്കാള്‍, ഓര്‍മ്മകളുടെ പടികള്‍ ഇറങ്ങുന്നതാണ് എനിക്കിഷ്ടം ... അനുഭവങ്ങളുടെ ഇന്നലെകളിലേക്ക് .....
അക്ഷരങ്ങളുടെ ലോകത്ത്, അറിവിന്‍റെ മുറ്റത്ത്‌ ആകസ്മികമായി നാം കണ്ടുമുട്ടിയതും ..
ക്ലാസ് മുറികളിലെ വെളിച്ചം കിടക്കാത്ത കോണുകളില്‍ സൌഹൃദവും , പ്രണയവും , രാഷ്ട്രീയവും പങ്കുവെച്ചതും ....
എല്ലാത്തിലും ഉപരി കാല്‍പ്പനികതയെ പ്രണയിച്ചതും.. നമ്മുടെ ഇന്നലെകളിലായിരുന്നു ... ഞാന്‍ ഏറ്റവും സന്തോഷിച്ച എന്റെ ഇന്നലെകള്‍ ... അവിസ്മരണീയമായതെന്തോ അവിചാരിതമായി വീണു കിട്ടിയപ്പോള്‍ ആഗ്രഹങ്ങള്‍ക്ക് നിറം വെച്ചതുപോലെ തോന്നിയ നിമിഷങ്ങള്‍ ..
ഇന്നും ഓര്‍മ്മകളുടെ ഇത്തിരിവെട്ടം മറവിയുടെ ചവറ്റുകുട്ടയിലേക്ക് വെളിച്ചം വീശുമ്പോള്‍ , നിന്‍റെ ഇഷ്ടങ്ങള്‍ ഓരോന്നായി തിരഞ്ഞെടുക്കുവാന്‍ എനിക്കൊട്ടും പ്രയാസമില്ല ...
പകുതി ചാരിയ ജനാലയിലെ, പുറംലോകം കണ്ടു തുരുമ്പിച്ച ഇരുംമ്പഴികള്‍ക്കിടയിലൂടെ... കാറ്റുപിടിച്ചു ചിതറിവീഴുന്ന ചാറ്റല്‍ മഴയെ നോക്കുവാന്‍ ,
തോര്ച്ചയിലും തല കുനിക്കാത്ത വാകമരച്ചുവട്ടിലിരിക്കുവാന്‍,
പ്രണയത്തെ കുറിച്ച് വാചാലനാകുവാന്‍ ,
മറക്കാതെ കുസൃതികള്‍ കാട്ടുവാന്‍.... പിന്നീടു കണ്ണിറുക്കി നിഷ്കളങ്കമായ് ചിരിക്കുവാന്‍ .....! നിന്നെക്കാള്‍ ഞങ്ങള്‍ ഇഷ്ടപ്പെട്ടിരുന്ന നിന്‍റെ ഇഷ്ടങ്ങള്‍ ...
അതെ ..! അക്ഷരാര്‍ഥത്തില്‍ നാം ഒഴുകുകയായിരുന്നു ... കാലത്തിനും, കല്പ്പനയ്ക്കും മുകളിലൂടെ...!!

നിമിഷങ്ങള്‍ക്ക് നിനവുകളേക്കാള്‍ വേഗതയുണ്ടെന്നു പിന്നീടാണ് മനസ്സിലായത്‌ ... ഒരിക്കലും മായാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച്‌, ഞങ്ങളുടെ സൌഹൃദ ലോകത്തുനിന്നും ഒരുപാട് ദൂരെ .... ദുഖങ്ങളും , വേദനകളുമില്ലാത്ത ഒരു പുതിയ ലോകം തേടി നീ പോയതെന്തേ ..?
എന്തിനും നിറഞ്ഞ പുഞ്ചിരിയോടെ സമ്മതം മൂളിയിരുന്ന എന്‍റെ പ്രിയ കൂട്ടുകാരാ ... ഞാനില്ലാത്ത , നിന്‍റെതു മാത്രമായ ലോകത്തുനിന്ന് എന്‍റെ ഇഷ്ടങ്ങള്‍ക്ക് നീ ഇപ്പോഴും മൌന സമ്മതം മൂളുന്നു .....
..
കണ്ണുകളില്‍ നക്ഷത്ര തിളക്കവുമായ് ....